Saturday, July 2, 2011

റിയാദില്‍ തീപിടുത്തം: അഞ്ച്‌ മലയാളികളുള്‍പ്പെടെ ഏഴ്‌ മരണം


റിയാദ
നഗര കേന്ദ്രമായ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മലയാളികളും ഒരു മംഗലാപുരം സ്വദേശിയുമടക്കം ഏഴു പേര്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബത്ഹ ഫിലിപ്പൈനി മാര്‍ക്കറ്റിനും ഗുറാബി സ്ട്രീറ്റിനുമിടയിലുള്ള അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. മരിച്ചവരെല്ലാം അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.

നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ , അഹ്മ്മദ് കബീര്‍ , തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അജിത്, തൃശൂര്‍ സ്വദേശി അബ്ദുറഹീം, ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി എന്ന തോമസ് , മംഗലാപുരം സ്വദേശി മുഹമ്മദ് , നേപ്പാള്‍ സ്വദേശി രാകേശ് ഷാ എന്നിവരാണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി നിയാസ്, ബാലുശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മുറികളിലാണ് തീ പിടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ അടുക്കളയുടെ ഭാഗത്തു നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. അടുക്കള ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയമുണ്ട്. തീപ്പിടിത്തം മൂലം പുക പടര്‍ന്നുണ്ടായ ശ്വാസ തടസ്സമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവര്‍ താമസിച്ച മുറിയില്‍ 12 പേരാണുണ്ടായിരുന്നത്. അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരായ നാല്‍പ്പതോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

No comments:

Post a Comment