Wednesday, July 6, 2011

ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി, തന്നെ വകവരുത്താന്‍ ശ്രമിച്ചവന് ശിക്ഷവാങ്ങികൊടുക്കുമെന്ന വിശ്വാസത്തോടെ

അല്‍ ഖഫ്ജ്(സൗദി അറേബൃ): തന്നെ വധിക്കാന്‍ ശ്രമിച്ച ബംഗ്‌ളാദേശുകാരനെതിരെ കോടതിയില്‍ മൊഴിനല്‍കാന്‍ ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി. പണമായി നല്‍കിയ സഹായത്തിന് പകരം തന്നെ ചതിച്ചുകൊലപ്പെടുത്താന്‍ പാഴ്ശ്രമം നടത്തിയവന്‍ നിയമത്തിന്റെ മാര്‍ഗത്തില്‍ ശിക്ഷിക്കപ്പെടണം എന്ന ദൃഡനിശ്ചയത്തോടെയാണ് സന്ദര്‍ശക വിസയില്‍ ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തിയിരിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ്, കൃതൃമായി പറഞ്ഞാല്‍ 2006 സെപ്തംബറിലായിരുന്നു ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രം ഓര്‍ക്കാനാവുന്ന സംഭവം അരങ്ങേറിയത്. ഖഫ്ജിയിലെ മുഹമ്മദ് അറബ് എന്ന കമ്പനിയില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ശിഹാബുദ്ദീന്‍, ഒഴിവുസമയങ്ങളില്‍ സൗദിയിലെ പ്രമുഖ ടെലിഫോണ്‍ കമ്പനിയായ സൗദി ടെലിക്കോമിന്റെ സാവാ എന്ന മൊബൈല്‍ റീച്ചാര്‍ജജ് കൂപ്പണ്‍ വല്‍ക്കാന്‍ പോകാറുണ്ട്. ഇതിനിടയില്‍ സാവാ കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് ഷമാലിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിയും ബംഗ്‌ളാദേശ് പൗരനുമായ റുത്തൂഫുല്‍ റഹ്മാനുമായി പരിചയപ്പെട്ടു. കാര്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് റുത്തൂഫുല്‍ റഹ്മാന്‍ കുറച്ചു പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കൃതൃ സമയത്ത് പണം തിരികെ കൊടുക്കാതെ മാസങ്ങളോളം പല ഒഴിവുകളും പറഞ്ഞ് കളിപ്പിക്കുകയായിരുന്നു റുത്തൂഫുല്‍ റഹ്മാനുമാന്‍. ഇതിനിടയില്‍ കൊടുക്കാനുള്ള പണത്തിനുപകരം കുറച്ച് സാവാ റീച്ചാര്‍ജജ് കൂപ്പണ്‍ കൊടുക്കുകയും ബാക്കിയുള്ള പണത്തിന് ഒരു കാലാവധി പറയുകയും ചെയ്തു.
നേരത്തെയുള്ള ധാരണ പ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ ദിവസം രാത്രി ഇശാ നിസ്‌ക്കാര ശേഷം ഷമാലിയ പ്രദേശത്ത് സൈക്കിളില്‍ എത്തിയെങ്കിലും ശിഹാബുദ്ദീനേയും കൂട്ടി ഒരു ചായകുടിച്ചശേഷം പണം കൂട്ടുകാരന്റെ മുറിയിലാണെന്ന് മറ്റൊരിടത്ത് പ്രതി കൂട്ടികൊണ്ട്‌പോയി. ഇതിനിടയില്‍ പ്രതിയായ ത്തൂഫുല്‍ റഹ്മാന്‍ അദ്ദേഹത്തിന്റെ പരിചയക്കാരന്റെ കടയില്‍നിന്നും എന്തോ പൊതിയെടുക്കുന്നത് കണ്ടുവെങ്കിലും തന്നെ വകവരുത്താനുള്ള മുര്‍ച്ചയേറിയ കത്തിയാണത് എന്ന കാരൃം ശിഹാബുദ്ദീന്‍ അറിഞ്ഞിരുന്നില്ല.
കൂട്ടുകാരന്റെ മുറിയിലേക്കാണെന്ന് പറഞ്ഞ് കൊണ്ട്‌പോയത് നഗരസഭയുടെ മലിനജലം ഒഴുകുന്ന ഷമാലിയയിലെ ഉള്‍പ്രദേശത്ത് ഒരു ഓടക്ക് സമീപത്തായിരുന്നു. ഇതിനിടെ പ്രതിക്ക് ഒരു ഫോണ്‍കോള്‍ വരികയും ബംഗാളി ഭാഷയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചശേഷം, സുഹൃത്ത് റുമിലില്ലെന്നും തിരികെ പോകാമെന്നും പറഞ്ഞ് സൈക്കിള്‍ തിരിച്ചുവിടാന്‍ പറഞ്ഞു. വന്നവഴിയെ സൈക്കിള്‍ തിരിച്ചുവിടുന്നതിനിടയില്‍ കൈയ്യില്‍ ഉണ്ടായിരുന്ന പൊതിയില്‍ ഒളിപ്പിച്ച കത്തികൊണ്ട് പിറകില്‍ കുത്തി. ഇതേതുടര്‍ന്ന് നിലത്തുവീണ ശിഹാബുദ്ദീന്റെ ഇടതുകൈ വെട്ടിമാറ്റുകയും ശരിരത്തില്‍ തുരുതുരാകുത്തുകയും ചെയ്തു. അക്രമത്തില്‍ ഇടതുകൈപ്പത്തി പൂര്‍ണ്ണമായും വലതുകൈയിലെ നാലു വിരലുകളും നഷ്ടപ്പെട്ടു. അതിലുപരി ഇരു കാലുകള്‍ക്കും തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം വെട്ടുകളേറ്റിരുന്നു. ഇതിനിടെ അതുവഴി വന്ന ഒരു സ്വദേശിയുടെ കാറിന്റെ വെളിച്ച കണ്ട് പ്രതി രക്ഷപ്പെട്ടു. സ്വദേശി ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഭാഗൃം ഒന്നുകൊണ്ടുമാത്രം ശിഹാബുദ്ദീന് ജീവന്‍ തിരിച്ചുകിട്ടാനായത്.
52 ദിവസം മരണത്തോട് മല്ലടിച്ച് ഖഫ്ജി ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് തുടര്‍ ചികില്‍സക്കായി സൗദി അറേബൃയോട് വിടപറഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. ഇരു കൈകളും നഷ്ടപ്പെട്ട് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ശിഹാബുദ്ദീനെ അറിയുന്ന മലയാളികളും വിവിധ രാജൃക്കാരും സാമ്പത്തീക സഹായം നല്‍കിയിരുന്നു. കേസ് നടത്തിപ്പിന്റെ ചുമതല സയ്യിദ് എന്ന സുഹൃത്തിനെ ഏല്‍പിച്ചായിരുന്നു സൗദിയില്‍നിന്നും നേരത്തെ നാട്ടിലേക്ക് ചികില്‍സക്കായി പോയിരുന്നത്.
ഇതിനിടയില്‍ അറസ്റ്റിലായ പ്രതി ജാമൃത്തിലിറങ്ങുകയും മറ്റൊരു കേസില്‍ വീണ്ടും പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശിഹാബുദ്ദീന്റെ കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയിട്ടുള്ളത്. ഭാരൃ അജിനയുടേയും ഇരട്ട കുട്ടികളായ ഫാത്തിമ, ജൗവാര്‍(6) എന്നവരുടെ ഏക ആശ്രയമാണ് ശിഹാബുദ്ദീന്‍. തന്നെ ഈ സ്ഥിതിയിലെത്തിച്ച ബംഗ്‌ളാദേശ് പൗരനായ റുത്തൂഫുല്‍ റഹ്മാനുമാന് കോടതി കടുത്ത ശിക്ഷ നല്‍കുമെന്ന ഉറച്ച വിശ്വാസമാണ് ശിഹാബുദ്ദീനുള്ളത്. അതോടൊപ്പം സംഭ്വ സ്ഥലത്തുനിന്നും തന്നെ ആശ്രുപത്രിയിലെത്തിച്ച സൗദി പൗരനേയും നന്ദിയോടെ ശിഹാബുദ്ദീന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ജാഫറലി പാലക്കോട്,

No comments:

Post a Comment